പറയാത്ത പരിഭവം----
തീന്‍മേശയിലെ തണുത്താറിയ ഭക്ഷണത്തിനുമന്നില്‍ ഇരിക്കുമ്പോള്‍ അവള്‍ അസ്വസ്ഥയായി. കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെനേരമായിരിക്കുന്നു. അദ്ദേഹം കമ്പ്യൂട്ടറിനുമുമ്പില്‍, മകന്‍ മൊബൈല്‍ഫോണുമായി സല്ലാപത്തില്‍. ഓരോരുത്തരും അവരുടേതായ ഇഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.ഇവരുടെയെല്ലാം ഇഷ്ടങ്ങളാണല്ലോ തന്‍റേത്.അപ്പോള്‍ പിന്നെ എന്തിനു പരിഭവിക്കണം. - അവള്‍ ഓര്‍ത്തു.
മുമ്പൊക്കെ എല്ലാവരും ഒരുമിച്ചിരുന്നേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.എല്ലാവരും മനസ്സുതുറക്കുന്ന അപൂര്‍വനിമിഷങ്ങള്‍.പരസ്പരം പങ്കുവച്ചും പരിഭവം പറഞ്ഞും കളിയാക്കിയും ഒരു ഒത്തുചേരല്‍." എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാ എനിക്കിഷ്ടം. . എങ്കിലേ കഴിചേചെന്ന് തോന്നൂ." അദ്ദേഹം പറയും. ഇടയ്ക് പാചകത്തെപ്പറ്റിയുള്ള കമന്‍റുകള്‍ കേള്‍ക്കാന്‍ ഒരു രസമാണ്.തന്‍റെ ജോലിയും അംഗീകരിക്കപ്പെടുന്ന നിമിഷങ്ങള്‍.
ഇടയ്ക്കെപ്പോഴോ എല്ലാം മാറിത്തുടങ്ങി.ഇന്ന് തന്‍റെ പിറന്നാളാണെന്നുപോലും ആരും ഓര്‍ത്തില്ല.അല്ലെങ്കിലും മറ്റുള്ളവരുടെ പിറന്നാള്‍ദിനം ഓര്‍ത്തുവെയ്ക്കാനും ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്താനുമൊക്കെയല്ലെ താനും ഓര്‍ക്കാറുള്ളൂ.സ്വന്തം കാര്യമാവുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാറുമില്ല.മുമ്പൊക്കെ മകളായിരുന്നു ഇതൊക്കെ ഓര്‍ത്തിരുന്നത്. അവള്‍ വിവാഹം കഴിഞ്ഞ് പോയതില്‍പ്പിന്നെ താനും അതൊന്നും ഓര്‍ക്കാറില്ല. എങ്കിലും അദ്ദേഹമെങ്കിലും ഓര്‍ക്കുമെന്നു കരുതി.
എല്ലാവരും ഒരുപാട് മാറിയിരിക്കുന്നോ? ഒരുപക്ഷെ തന്‍റെ തോന്നലാവാം.പൊങ്ങിവന്ന പരിഭവം ഉള്ളിലൊതുക്കി. "ഇതുവരെ കഴിച്ചില്ലെ. ? ഒക്കെ തണുത്തല്ലോ."-അദ്ദേഹത്തിന്‍റെ ശബ്ദം ചിന്തകള്‍ക്ക് വിരാമമിട്ടു. " ഇന്ന് എഫ്.ബി യിലെ ചില ഫ്രണ്ട്സിന്‍റെ പിറന്നാളായിരുന്നു. വെറുതെ ഒന്ന് വിഷ് ചെയ്യാമെന്ന് വച്ചു"-
വരാന്‍ വൈകിയതിനുള്ള കാരണം പിറകെയെത്തി." തനിക്ക് എഫ് ബി അക്കൌണ്ടില്ലല്ലോ ബര്‍ത്ത്ഡേ ഓര്‍ക്കാന്‍--- തികട്ടിവന്ന വാക്കുകള്‍ അവള്‍ മനസ്സില്‍ തന്നെ അടക്കം ചെയ്തു.
വരാന്‍ വൈകിയതിനുള്ള കാരണം പിറകെയെത്തി." തനിക്ക് എഫ് ബി അക്കൌണ്ടില്ലല്ലോ ബര്‍ത്ത്ഡേ ഓര്‍ക്കാന്‍--- തികട്ടിവന്ന വാക്കുകള്‍ അവള്‍ മനസ്സില്‍ തന്നെ അടക്കം ചെയ്തു.