Friday, February 5, 2016

ചെറുകഥ

പറയാത്ത പരിഭവം----
തീന്‍മേശയിലെ തണുത്താറിയ ഭക്ഷണത്തിനുമന്നില്‍ ഇരിക്കുമ്പോള്‍ അവള്‍ അസ്വസ്ഥയായി. കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെനേരമായിരിക്കുന്നു. അദ്ദേഹം കമ്പ്യൂട്ടറിനുമുമ്പില്‍, മകന്‍ മൊബൈല്‍ഫോണുമായി സല്ലാപത്തില്‍. ഓരോരുത്തരും അവരുടേതായ ഇഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.ഇവരുടെയെല്ലാം ഇഷ്ടങ്ങളാണല്ലോ തന്‍റേത്.അപ്പോള്‍ പിന്നെ എന്തിനു പരിഭവിക്കണം. - അവള്‍ ഓര്‍ത്തു.
മുമ്പൊക്കെ എല്ലാവരും ഒരുമിച്ചിരുന്നേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.എല്ലാവരും മനസ്സുതുറക്കുന്ന അപൂര്‍വനിമിഷങ്ങള്‍.പരസ്പരം പങ്കുവച്ചും പരിഭവം പറഞ്ഞും കളിയാക്കിയും ഒരു ഒത്തുചേരല്‍." എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാ എനിക്കിഷ്ടം. . എങ്കിലേ കഴിചേചെന്ന് തോന്നൂ." അദ്ദേഹം പറയും. ഇടയ്ക് പാചകത്തെപ്പറ്റിയുള്ള കമന്‍റുകള്‍ കേള്‍ക്കാന്‍ ഒരു രസമാണ്.തന്‍റെ ജോലിയും അംഗീകരിക്കപ്പെടുന്ന നിമിഷങ്ങള്‍.
ഇടയ്ക്കെപ്പോഴോ എല്ലാം മാറിത്തുടങ്ങി.ഇന്ന് തന്‍റെ പിറന്നാളാണെന്നുപോലും ആരും ഓര്‍ത്തില്ല.അല്ലെങ്കിലും മറ്റുള്ളവരുടെ പിറന്നാള്‍ദിനം ഓര്‍ത്തുവെയ്ക്കാനും ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്താനുമൊക്കെയല്ലെ താനും ഓര്‍ക്കാറുള്ളൂ.സ്വന്തം കാര്യമാവുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാറുമില്ല.മുമ്പൊക്കെ മകളായിരുന്നു ഇതൊക്കെ ഓര്‍ത്തിരുന്നത്. അവള്‍ വിവാഹം കഴിഞ്ഞ് പോയതില്‍പ്പിന്നെ താനും അതൊന്നും ഓര്‍ക്കാറില്ല. എങ്കിലും അദ്ദേഹമെങ്കിലും ഓര്‍ക്കുമെന്നു കരുതി.
എല്ലാവരും ഒരുപാട് മാറിയിരിക്കുന്നോ? ഒരുപക്ഷെ തന്‍റെ തോന്നലാവാം.പൊങ്ങിവന്ന പരിഭവം ഉള്ളിലൊതുക്കി. "ഇതുവരെ കഴിച്ചില്ലെ. ? ഒക്കെ തണുത്തല്ലോ."-അദ്ദേഹത്തിന്‍റെ ശബ്ദം ചിന്തകള്‍ക്ക് വിരാമമിട്ടു. " ഇന്ന് എഫ്.ബി യിലെ ചില ഫ്രണ്ട്സിന്‍റെ പിറന്നാളായിരുന്നു. വെറുതെ ഒന്ന് വിഷ് ചെയ്യാമെന്ന് വച്ചു"-
വരാന്‍ വൈകിയതിനുള്ള കാരണം പിറകെയെത്തി." തനിക്ക് എഫ് ബി അക്കൌണ്ടില്ലല്ലോ ബര്‍ത്ത്ഡേ ഓര്‍ക്കാന്‍--- തികട്ടിവന്ന വാക്കുകള്‍ അവള്‍ മനസ്സില്‍ തന്നെ അടക്കം ചെയ്തു.

Comments
Geetha Sreekumar
Write a comment...

Wednesday, November 20, 2013

ഒരു ഫുള്‍ സ്റ്റോപ്പ് നോണ്‍ സ്റ്റോപ്പ് പ്രണയം

ഒരു ഫുള്‍ സ്റ്റോപ്പ് നോണ്‍ സ്റ്റോപ്പ് പ്രണയം

അര്‍‍‍ദ്ധവിരാമവും പൂര്‍ണ്ണവിരാമവും പ്രണയത്തിലായിരുന്നു. നമുക്ക് ഒന്നിച്ചാലോ ?” അര്‍ദ്ധവിരാമം പൂര്‍ണ്ണവിരാമത്തോട് ചോദിച്ചു. സാദ്ധ്യമല്ല
ലേഖകന്‍ ഇടപെട്ടു.
അര്‍ദ്ധവിരാമം പൂര്‍ണ്ണവിരാമത്തെ തേടിപ്പോയാല്‍ വാക്യം അപൂര്‍ണ്ണമായിത്തീരും. മറിച്ചും അങ്ങനെ തന്നെ
അര്‍‍ദ്ധവിരാമം നിസ്സഹായയായി തല താഴ്ത്തി.
മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ച കഥാനായകനേയും നായികയേയും നിനക്ക് ഓര്‍മ്മയില്ലേ ?” ലേഖകന്‍ വാദം തുടര്‍ന്നു.
പൂര്ണ്ണവിരാമം അകലെ നിന്ന് അര്‍ദ്ധവിരാമത്തെ നോക്കി വ്യസനത്തോടെ മന്ദഹസിച്ചു.
തങ്ങള്‍ക്കിടയിലെ വാക്കുകളെ കൊലപ്പെടുത്തിയാലോ ?” അര്ദ്ധവിരാമം ചിന്തിച്ചു. അതു മനസ്സിലാക്കിയിട്ടെന്നവണ്ണം പൂര്‍ണ്ണവിരാമം മൊഴിഞ്ഞു.
എങ്കില്‍പ്പിന്നെ എന്‍റെ അസ്ഥിത്വം എവിടെ?
ഇടയ്ക്കുള്ള വാക്കുകള്‍ നഷ്ടപ്പെടുമ്പോള്‍ ഞാന്‍ പൂര്‍ണ്ണനാവുകയില്ല


അവസാനം ഒരാള്‍ എത്തി , അയാള്‍ വാക്യത്തിന്‍റെ ഘടനയെ മാറ്റിമറിച്ചു. അര്ദ്ധവിരാമം തടവില്‍ നിന്നും മോചിതയായി പൂര്‍ണ്ണവിരാമത്തെ പ്രാപിച്ചു.